കാർഷിക കേരളം വേഴാമ്പൽ കണക്കേ വേനൽമഴയുടെ വരവിനെ ഉറ്റുനോക്കുന്നു, പുറംകടലിൽ കാറ്റിന്റെ വേഗതയിലെ മാറ്റങ്ങൾ കണക്കിലെടുത്താൽ വൈകാതെ മഴമേഘങ്ങൾ നമ്മുടെ തീരത്ത് അണയാം. മഴ വേണ്ടത്ര ലഭ്യമായാൽ നേട്ടം കാപ്പിത്തോട്ടങ്ങൾക്കാകും. വിളവെടുപ്പ് പൂർത്തിയാക്കിയ ശേഷമുള്ള മഴ കാപ്പി പൂക്കൾ വിരിയാൻ വഴിയൊരുക്കും. റബർ മേഖല കനത്ത വേനലിൽ സ്തംഭിച്ചു. ദക്ഷിണേന്ത്യയിൽ കുരുമുളക് വിളവെടുപ്പ് പൂർത്തിയായിട്ടും ചരക്ക് വില്പന ഉയർന്നില്ല. നാളികേരോത്പന്നങ്ങൾ തിരിച്ചുവരവിനുള്ള ശ്രമത്തിൽ, വ്യവസായികൾ കൊപ്ര സംഭരണം നിയന്ത്രിച്ചു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെറിയ അളവിൽ മഴ മാസാരംഭം മുതൽ ലഭ്യമായത് കാപ്പിത്തോട്ടങ്ങൾക്ക് അനുഗ്രഹമായി. മാസത്തിന്റെ രണ്ടാം പകുതിയിൽ തുടർ മഴയ്ക്കുള്ള സാധ്യത തെളിയുന്നത് കാപ്പിക്കുരു ഉത്പാദനം വർധിക്കാൻ അവസരമൊരുക്കും. നവംബർ‐ഡിസംബറിലെ വിളവെടുപ്പിനിടയിൽ മഴ വന്നത് മേഖലയ്ക്ക് കനത്ത പ്രഹരമായി മാറിയെങ്കിലും നിലവിലെ കാലാവസ്ഥ ഗുണകരമായി മാറുമെന്നാണ് ഉത്പാദകരുടെ വിലയിരുത്തൽ. കാപ്പി വില കിലോ 200 രൂപയിലാണു നീങ്ങുന്നത്.
മുഖ്യ ഉത്പാദക രാജ്യമായ ബ്രസീലിൽ റിക്കാർഡ് കാപ്പി വിളവ് പ്രവചനങ്ങൾ ആഗോള വിപണിയിൽ കാപ്പി വിലയിൽ വൻ സമ്മർദം ഉളവാക്കാം. മുന്നിലുള്ള സീസണിൽ ബ്രസീലിൽ ഉത്പാദനം സർവകാല റിക്കാർഡായ 75.3 മില്യൺ ചാക്കായി വർധിക്കുമെന്നാണ് ഏറ്റവും പുതിയ വിലയിരുത്തൽ, നവംബറിലെ പ്രവചനം വിളവ് 70.7 മില്യൺ ചാക്കെന്നായിരുന്നു.
ഇതിനിടയിൽ യു എസ് ഡോളർ സൂചിക കരുത്ത് നേടിയത് ബ്രസീലിയൻ നാണയമായ റിയാലിന്റെ മൂല്യത്തിൽ വിള്ളലുളവാക്കിയത് വിദേശ വാങ്ങലുകാരുടെ ആകർഷണം കുറച്ചു. കാലാവസ്ഥയും യുദ്ധവുമെല്ലാം കാർഷികോത്പന്നങ്ങളുടെ വിധി നിശ്ചിയിക്കുമെന്നു മുൻ വാരം നൽകിയ സൂചന ശരിവയ്ക്കുന്ന സംഭവ വികാസങ്ങളാണ് ആഗോള വിപണിയിൽ ദൃശ്യമാകുന്നത്.
റബർ ടാപ്പിംഗ് സ്തംഭിച്ചു
സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയിൽ റബർ ടാപ്പിംഗ് രംഗം പൂർണമായി സ്തംഭിച്ചു. വേനൽ മഴ കനിഞ്ഞാൽ സ്ഥിതിഗതികളിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാം. മാസങ്ങളായി റബർ ഉത്പാദനം ചുരുങ്ങിയിട്ടും ടയർ വ്യവസായികൾ വിപണിയിൽ തണുപ്പൻ മനോഭാവം തുടരുകയാണ്.
നേരത്തേ താഴ്ന്ന വിലയ്ക്കു കച്ചവടങ്ങൾ ഉറപ്പിച്ച പല കമ്പനി സപ്ലെയർമാർക്കു യഥാസമയം ചരക്ക് കണ്ടെത്തി കൈമാറാനായില്ല. ഇതിനിടയിൽ രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിൽ കുതിക്കാൻ ആഭ്യന്തര വിപണി നടത്തിയ ശ്രമത്തിന് ഒരു വിഭാഗം ഇടപാടുകാർ തുരങ്കം വച്ചു. നാലാം ഗ്രേഡ് റബർ വാരാന്ത്യം 21,500 രൂപയിലാണ്. അഞ്ചാം ഗ്രേഡ് 21,100 രൂപയിലും. ലാറ്റക്സ് 13,600 രൂപയിൽ നിന്ന് 14,000ലേക്ക് മുന്നേറി, അതേസമയം ഒട്ടുപാലിനു 300 രൂപ കുറഞ്ഞ് 13,500 രൂപയായി.
സുഗന്ധവ്യഞ്ജനങ്ങൾക്ക് ആവശ്യമേറുന്നു
യുദ്ധം മുറുക്കുമ്പോഴും പെരുന്നാൾ ആവശ്യങ്ങൾക്ക് വേണ്ട ചരക്ക് സംഭരണതിരക്കിലാണ് അറബ് രാജ്യങ്ങൾ, മറുവശത്ത് ഈസ്റ്ററിനു നിറം പകരാൻ ആവശ്യമായ സുഗന്ധവ്യഞ്ജനങ്ങൾ വാരിക്കൂട്ടുന്ന തിരക്കിലാണ് യുഎസ്-യുറോപ്യൻ ബയർമാർ.
ഹൈറേഞ്ചിൽനിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നും കുറഞ്ഞ അളവിൽ മാത്രമാണ് കുരുമുളക് വില്പനയ്ക്ക് ഇറങ്ങിയത്. നാടൻ മുളകിന് ആവശ്യക്കാരുള്ളതിനാൽ ഉണർവ് തുടരുമെന്നാണ് ഒരു വിഭാഗം കർഷകരുടെ വിലയിരുത്തൽ. കൊച്ചിയിൽ അൺഗാർബിൾഡ് 69,400 രൂപയിൽനിന്ന് 69,900 രൂപയായി, ഗാർബിൾഡ് മുളക് വില 71,900 രൂപ.
ഏലത്തോട്ടങ്ങൾ പലതും നിർജീവസ്ഥയിലാണ്. മധ്യവർത്തികളും സ്റ്റോക്കിസ്റ്റുകളും ഏലക്ക നീക്കം കുറച്ച് വില മെച്ചപ്പെടുത്താൻ നീക്കം നടത്തുന്നുണ്ട്. മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥ പുതിയ വാങ്ങലുകാരെ അല്പം പിൻതിരിപ്പിക്കുന്നു. ശരാശരി ഇനങ്ങൾ കിലോ 2258 രൂപയിലാണു വാരാന്ത്യം.
തിരിച്ചുവരവ് പ്രതീക്ഷിച്ച് നാളികേരോത്പന്നങ്ങൾ
നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല, വെളിച്ചെണ്ണയ്ക്ക് ഒപ്പം കൊപ്രയും മികവ് കാഴ്ച്ചവയ്ക്കുമെന്ന നിഗമനത്തിലാണ് ഉത്പാദക മേഖല. വെളിച്ചെണ്ണയ്ക്ക് പ്രദേശിക ഡിമാൻഡ് ഉയരാഞ്ഞത് മില്ലുകാരുടെ കണക്കുകൂട്ടലും തെറ്റിച്ചു. കൊച്ചിയിൽ എണ്ണ 26,900 രൂപയിലും കൊപ്ര 15,300 രൂപയിലുമാണ്. ഇതിനിടയിൽ ഒരു വിഭാഗം കർഷകർ വിളവെടുപ്പ് വേഗത്തിലാക്കിയതു പച്ചത്തേങ്ങയെ സമ്മർദത്തിലാക്കി. ഗ്രാമീണ മേഖലകളിൽ കിലോ 45 രൂപയിലേക്ക് തേങ്ങ വില ഇടിഞ്ഞു. അതേസമയം നഗര പ്രദേശങ്ങളിൽ നിരക്ക് 60 രൂപയ്ക്ക് മുകളിലാണ്.